കൊന്നയിൽ കടവ് പാലത്തിന് ധനവകുപ്പിന്റെ അംഗീകാരം .

Published:

മൺറോത്തുരുത്ത് | പെരുങ്ങാലം തുരുത്തിലേക്കുള്ള കൊന്നയിൽ കടവ് പാലത്തിന് ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് പുതിയ സാധ്യതാ പഠനം നടത്തി സമർപ്പിച്ച 36.2 കോടി രൂപയുടെ എസ്‌റ്റിമേറ്റ് തുകയാണ് ധനവകുപ്പ് അംഗീകരിച്ചത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടൻ ടെൻഡർ നടപടികൾ ആരംഭിക്കും. മുൻപ് അനുവദിച്ചിരുന്ന തുകയുടെ 48.9 ശതമാനം അധികരിച്ച തുകയാണ് ഇപ്പോൾ ധനവകുപ്പ് അംഗീകരിച്ചിരിക്കുന്നത്.1992ൽ ഉണ്ടായ പ്രളയത്തലാണ് പാലം തകർന്നത്. 2016ൽ പാലത്തിനായി 27 കോടി രൂപ സർക്കാർ അനുവദിക്കുകയും 26.2 കോടി രൂപയ്ക്ക് ടെൻഡർ ചെയ്യുകയും ചെയ്തു. 2018 ജൂലൈ 12ന് മന്ത്രി ജി. സുധാകരൻ പാലത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചു. എന്നാൽ നിർമാണ സാമഗ്രികളുമായി ഭാരം കയറ്റിയ വാഹനങ്ങൾ പാലങ്ങൾക്കു വശങ്ങളിൽ കുടി പോകുന്നത് ബലക്ഷയത്തിനു കാരണമാകും എന്ന് കാട്ടി റെയിൽവേ സ്റ്റോപ് മെമ്മോ നൽകിയതോടെ നിർമാണം തടസ്സപ്പെട്ടു. പടിഞ്ഞാറേ കല്ലടയിൽ നിന്ന് ജങ്കാർ വഴി നിർമാണ സാമഗ്രികൾ എത്തിക്കുന്നതടക്കമുള്ള ശ്രമവും വിജയം കണ്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ വന്നപ്പോൾ കരാറുകാരൻ പദ്ധതി ഉപേക്ഷിച്ചു. പിന്നീടു പാലത്തിനായി യാതൊരു നടപടിയും ഉണ്ടായില്ല.2023ൽ പാലത്തിനു സാങ്കേതിക അനുമതിലഭിച്ചിരുന്നു. ഏപ്രിലിൽ കിഫ്ബി ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദർശിച്ച് 34 കോടി രൂപയുടെ പുതുക്കിയ എസ്‌റ്റിമേറ്റ് സമർപ്പിച്ചു.തുടർന്നാണ് ജൂലൈയിൽ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്‌ഥർ എത്തി സാധ്യതാ പരിശോധന നടത്തി സാങ്കേതിക അനുമതി നൽകിയത്. 175 മീറ്റർ നീളത്തിൽ 10 മീറ്റർ വീതിയിൽ 7 സ്പാനുകൾ ഉള്ള പാലം പണിയുന്നതിനാണ് അനുമതി ലഭിച്ചത്.

Related articles

Recent articles

spot_img