കൊട്ടാരക്കര| നെടുവത്തൂർ പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലുമെന്നപോലെ, അന്നൂരിലും കാട്ടുപന്നികളുടെ വിളയാട്ടം. തെക്കേക്കര, ചാന്തൂർ ഏലാ, പാങ്ങോട്, തൊണ്ടിവയിൽ, അയ്യമ്പള്ളിൽ, ശാന്തിഭാഗം, ഈരൂർ എന്നിവിടങ്ങളിൽ കർഷകർ വലയുന്നു.തെക്കേക്കര ഏലായിൽ കൃഷി നിലയ്ക്കുന്ന സ്ഥിതിയാണ്. വിളകളെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുന്നു. മരച്ചീനിയും വാഴയും മറ്റു കാർഷികവിളകളും മൂടോടെ കുത്തിമറിക്കുകയാണ്.താരതമ്യേന നല്ല ജല ലഭ്യതയുള്ള അന്നൂരിൽ മുൻപ് നല്ല രീതിയിൽ കൃഷി നടന്നിരുന്നു.എന്നാൽ കുറേനാളായി കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ യഥേഷ്ടം വിളയാടുകയാണ്. ഒരുതരത്തിലുള്ള കൃഷിയും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്നു നാട്ടുകാർ പറയുന്നു.പാണ്ടറമേലേതിൽ അജിതകുമാരൻ പിള്ളയുടെ ഒരേക്കറോളം സ്ഥലത്തെ കൃഷി കാട്ടുപന്നികൾ ഈയിടെ നശിപ്പിച്ചിരുന്നു.തെക്കേക്കര ഏലായിൽ പാട്ടത്തിനു കൃഷി നടത്തുന്ന മുരളിധരൻ പിള്ളയുടെ വാഴത്തോട്ടം മൊത്തമായി നശിപ്പിച്ചു. തുളസിധരൻ പിള്ള, ബാബു എന്നിവരുടെ കൃഷിയിടങ്ങളും നശിപ്പിച്ചു.പന്നിശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും വനംവകുപ്പിനും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.അന്നൂരിൽ കാടുമൂടിക്കിടക്കുന്ന പാറക്കുളത്തും പരിസരങ്ങളിലും തൊണ്ടിവയൽ കാവുഭാഗത്തുമാണ് കാട്ടുപന്നികളുടെ കേന്ദ്രം. ഇവിടം തെളിച്ച് കാട്ടുപന്നികളെ തുരത്തേണ്ടത് അനിവാര്യമാണെന്ന് വാർഡ് അംഗം ശരത് പറയുന്നു.
