പുനലൂർ| എക്സൈസ് സംഘം പിന്തുടർന്നു പിടിച്ചെടുത്ത കാറിൽ നിന്ന് 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കാർ ഓടിച്ചിരുന്ന യുവാവ് കടന്നുകളഞ്ഞു. രക്ഷപ്പെടാനായി അമിതവേഗത്തിൽ ഓടിക്കുന്നതിനിടെ കാർ പല വാഹനങ്ങ ളിലും തട്ടുകയും ചെയ്തു.
പുനലൂർ നഗരത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് വാളക്കോട് താഴെക്കടവാതുക്കൽ സ്വദേശിയായ യുവാവിനെ തിരയുന്നു. ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന വിവരം ലഭിച്ചതനുസരിച്ച് സർക്കിൾ ഇൻസ്പെക്ടർ കെ.സുദേവന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. എക്സൈസ് വാഹനം വരുന്നതുകണ്ട് ഇവിടെയുണ്ടായിരുന്ന കാർ അമിതവേഗത്തിൽ പാഞ്ഞു. എം .എൽ.എ. റോഡ് വഴി വെട്ടിപ്പുഴയിലെത്തിയ കാർ വാളക്കോട്ടേക്ക് പായുന്നതിനിടെയാണ് മറ്റു വാഹനങ്ങളിൽത്തട്ടി അപകടമുണ്ടാക്കിയത്. വാളക്കോട് താഴേക്കടവാതുക്കലിൽ നിന്ന് പിന്നീട് കാർ കണ്ടെടുത്തു. എന്നാൽ ഓടിച്ചിരുന്ന യുവാവ് കടന്നുകളഞ്ഞിരുന്നു.
കാറിൽ നടത്തിയ പരിശോധനയിൽ പത്ത് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ബെംഗളൂരുവിൽനിന്ന് വൻ തോതിൽ രാസലഹരിയും കഞ്ചാവും കടത്തിക്കൊണ്ടുവന്ന് പുനലൂരിൽ വിതരണം ചെയ്യുന്നതുമെന്നു
തെളിഞ്ഞിട്ടുണ്ടെന്നും ഇവർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ എ.അൻസാർ, ബി.പ്രദീപ്കുമാർ, സിവിൽ ഓഫീസർമാരായ അനീഷ് അർക്കജ്, റിൻജോ വർഗീസ്, ഹരിലാൽ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
എക്സൈസ് സംഘം പിന്തുടർന്നു പിടിച്ചെടുത്ത കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു: പ്രതിക്കായി തിരച്ചിൽ.
