അന്തർവാഹിനിയിൽ പിണറായി യാത്ര ചെയ്താലും കരിങ്കൊടി കാണിക്കും: രാഹുൽ.

Published:

കൊല്ലം  |  പിണറായി വിജയൻ അറബിക്കടലിലൂടെ അന്തർവാഹിനിയിൽ യാത്ര ചെയ്താലും കരിങ്കൊടി കാണിക്കാൻ തീരുമാനിച്ചാൽ അതു ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ്– കെഎസ്‌യു പ്രവർത്തകർക്കു നേരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യപരമായി പ്രതിഷേധിച്ചവരെ ഹെൽമറ്റും ചെടിച്ചട്ടിയും വച്ച് തലയ്ക്ക് അടിച്ചു വകവരുത്താനും അംഗപരിമിതനായ യൂത്ത് കോൺഗ്രസ് നേതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്താനും ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കു സഹായം ചെയ്തു കൊടുക്കുന്ന രീതിയാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. നവ കേരള സദസ്സ് നരാധമ സദസ്സായിരുന്നുവെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായെന്ന് രാഹുൽ പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അധ്യക്ഷത വഹിച്ചു. എഐസിസി അംഗം ബിന്ദു കൃഷ്ണ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്.ആർ അരുൺരാജ്,വിഷ്ണു സുനിൽ പന്തളം, ജനറൽ സെക്രട്ടറി പ്രേംരാജ്, ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ഭാർഗവൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗീതാ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

കലക്ടറേറ്റിനു മുന്നിൽ പൊലീസ് ബാരിക്കേഡ് നിരത്തി പ്രതിഷേധക്കാരെ തടഞ്ഞു. അതിനിടെ പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെ പൊലീസുമായി ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Related articles

Recent articles

spot_img