കൊല്ലം | ഓണമെത്തിയിട്ടും കൊല്ലത്തെ റോഡുകളുടെ അവസ്ഥ മോശംതന്നെ. നഗരത്തിലെ മിക്ക റോഡുകളിലും കുഴികളും വെള്ളക്കെട്ടുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ് നഗരത്തിൽ റോഡുകളിലെ കുഴിയടച്ചത്. നഗരത്തിലെ പകുതിയോളം റോഡുകളിലും കുഴികൾ യഥേഷ്ടം. ഓണത്തിന്റെ ഒരുക്കം തുടങ്ങിയപ്പോഴാണ് എസ്.പി. ഓഫീസ് മേൽപ്പാലം അടച്ചത്. റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നട ക്കുന്നതിനാൽ 11 വരെ പാലംവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. കൊല്ലത്തെ തീരദേശറോഡിന്റെ അവസ്ഥയാണ് ഏറെ കഷ്ടം. വാടി ഹാർബർ ജങ്ഷൻ മുതൽ ബീച്ച് വരെയുള്ള റോഡ് തകർന്നുകിടക്കുകയാണ്. മൂതാക്കര ഭാഗത്തും അമ്മൻനട ഭാഗത്തും കല്ലുപാലംമുതൽ കൊച്ചുപിലാമൂട് വരെയും എസ്.ബി.ഐ. പ്രധാന ഓഫീസ്‌മുതൽ ചിന്നക്കടവരെയും റോഡ് തകർന്നനിലയിലാണ്. കുഴികളടയ്ക്കാനും ടാറിങ്ങിനു മുള്ള ഫണ്ട് കിട്ടാൻ വൈകിയതു കാരണം പലയിടത്തും റോഡുപണി തുടങ്ങാനും വൈകി.നായേഴ്‌സ് ഹോസ്പിറ്റൽ- ഉളിയക്കോവിൽ റോഡിലെ സ്ഥിരമായ വെള്ളക്കെട്ടാണ് നഗരത്തിലെ ഒരു പ്രധാന പ്രശ്നം. അമൃത് ഫണ്ട് പ്രകാരം ഒരുകോടി രൂപ അനുവദിച്ച റോഡാണ് ഇത്.നഗരത്തിൽ കുഴികളുള്ള റോഡുകൾ എണ്ണി പ്പറയാനാണെങ്കിൽ ഏറെയുണ്ട്. ലിങ്ക് റോഡ്, കൊയുള്ളി അമ്പലം -ഷാപ്പുമുക്ക് റോഡ്, വെങ്കേക്കര -പേനേഴികം റോഡ്, വാടി- ലൈബ്രറി-മുതാക്കര- കൊച്ചുപിലാ മൂട് റോഡ് അങ്ങിനെ പട്ടിക നീളുന്നു. കോർപ്പറേഷന്റെ തനത് ഫണ്ട് ഉപയോഗിച്ചുള്ള പണികൾ ഏറ്റെടുക്കാൻ കരാറുകാർ മടിക്കുന്നെന്ന പ്രശ്നവുമുണ്ട്. ബില്ലുകൾ സമയത്തിന് പാസായിക്കിട്ടില്ലെന്നതാണ് കാരണം. മെറ്റലും ടാറും മറ്റ് നിർമാണ സാമഗ്രികളും കിട്ടാനുള്ള പ്രയാസവും റോഡിലെ കുഴിയടയ്ക്കൽ വൈകിക്കുന്നു.
