പുത്തൂർ | കുളക്കട പഞ്ചായത്തിലെ പൊങ്ങൻപാറ വാർഡിൽ കുടിവെള്ളക്ഷാമം രൂക്ഷം.വേനലിന്റെ ആരംഭമാകുമ്പോഴേക്കും പലയിടങ്ങളിലും കിണർ വറ്റിത്തുടങ്ങും. ജലവിതരണ പദ്ധതികളൊന്നും കാര്യക്ഷമമല്ലാത്തതിനാൽ പലപ്പോഴും വിലകൊടുത്തു വെള്ളം വാങ്ങേണ്ട അവസ്ഥയാണ്.
ജലവിതരണക്കുഴലുകൾവഴി വെള്ളം ലഭിക്കുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ്. പുതുതായി സ്ഥാപിച്ച ജലജീവൻ പൈപ്പിലൂടെ ഇതുവരെ വെള്ളം ലഭിച്ചുതുടങ്ങിയിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. ഇനിയും കുഴൽ സ്ഥാപിക്കാത്ത സ്ഥലങ്ങളുമുണ്ട്.കുളക്കട പഞ്ചായത്തിലാകമാനമുള്ള ജലക്ഷാമം പരിഹരിക്കാനായി പഞ്ചായത്തിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായ കൊടിതുക്കുംമുകളിൽ വലിയ ജലസം ഭരണി നിർമിച്ചിട്ടു മാസങ്ങളായി. എന്നാൽ തുടർനടപടികൾ നീണ്ടു പോകുകയാണ്.ജലസംഭരണി ഉടൻ പ്രവർത്തനസജ്ജമാകുമെന്ന സ്ഥിരം മറുപടിയാണ് അധികൃതർക്ക് പറയാനുള്ളത്. കുളക്കട പഞ്ചായത്ത് അംഗങ്ങൾ തങ്ങളുടെ ഓണറേറിയത്തിൽനിന്നു സംഭാവനചെയ്ത തുക ഉയോഗിച്ചാണ് ജലസംഭരണി നിർമിക്കാനുള്ള സ്ഥലം വാങ്ങിയത്.
പൊങ്ങൻപാറയിൽ കുടിവെള്ളക്ഷാമം രൂക്ഷം.
