കരുനാഗപ്പള്ളി|കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിൽ വയോജനങ്ങൾക്കായി ആധുനികസൗകര്യങ്ങളോടെയുള്ള പകൽവീട് യാഥാർഥ്യമാകുന്നു. ഹെൽത്ത് സെന്റർ വാർഡിൽ സംഘപ്പുര ജങ്‌ഷനോടു ചേർന്നാണ് പകൽവീട് നിർമിച്ചത്. തിങ്കളാഴ്ച 12-ന് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
1300-ഓളം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിൽ രണ്ട് ഹാൾ, വിശ്രമമുറികൾ, ടോയ്‌ലെറ്റ് സംവിധാനം, വരാന്ത എന്നിവയെല്ലാം ഉണ്ടാകും. ടെലിവിഷനും സജ്ജീകരിച്ചിട്ടുണ്ട്. ഭാവിയിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകൾ, ലഘുഭക്ഷണശാല എന്നിവയും ഒരുക്കാൻ പഞ്ചായത്തിന് പദ്ധതിയുണ്ട്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജില്ലാപഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപയും സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അന്തരിച്ച മരങ്ങാട്ട് പദ്‌മനാഭന്റെ കുടുംബാംഗങ്ങൾ നൽകിയ 35 ലക്ഷം രൂപയും ചെലവഴിച്ചാണ് പകൽവീട് യാഥാർത്ഥ്യമാക്കിയത്.
ഉദ്ഘാടനച്ചടങ്ങിൽ സി.ആർ.മഹേഷ് എം.എൽ.എ. അധ്യക്ഷനാകും. മരങ്ങാട്ട് പദ്‌മനാഭന്റെ ഫോട്ടോ എ.എം.ആരിഫ് എം.പി. അനാച്ഛാദനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ താക്കോൽദാനം നിർവഹിക്കും.
വയോജനസംരക്ഷണമേഖലയിൽ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പകൽവീട് യാഥാർത്ഥ്യമാക്കുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, വൈസ് പ്രസിഡന്റ് എ.നാസർ, സെക്രട്ടറി ആർ.താര, സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്.അബ്ദുൽ സലീം, രജിതാ രമേശ്, ഗ്രാമപ്പഞ്ചായത്ത് അംഗം ദീപക് ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.
