കൊല്ലം | മേടയിൽമുക്കിൽ പ്രധാന റോഡിനോടുചേർന്ന ഓടയിലേക്ക് ശൗചാലയ മാലിന്യം ഒഴുക്കിയ ഫ്ലാറ്റിനെതിരെ
നടപടിയുമായി കോർപ്പറേഷൻ. ഫ്ലാറ്റിനു സമീപം വിദ്യാർഥികളടക്കം ബസ് കാത്തുനിൽക്കുന്ന ഭാഗത്താണ് ദിവസങ്ങളായി വെള്ളം കെട്ടി നിന്നിരുന്നത്. സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ എത്തുന്നവർക്കും കാൽനടക്കാർക്കും ഇതു ദുരിതമായി.
സമീപത്തെ ഓടയിൽനിന്നുള്ള മലിനജലമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ മഴ മാറിയിട്ടും ഫ്ലാറ്റിൽനിന്നു കുറച്ചുമാറി രൂക്ഷഗന്ധത്തോടെ വെള്ളം കെട്ടിനിന്നിരുന്നു. ജങ്ഷനിൽ ബസ് കാത്തു നിൽക്കുന്നിടത്ത് ഓടയിലെ സ്റ്റാബ് ഇളകിയനിലയിലായിരുന്നു. ഈ ഭാഗത്തു നിന്നാണ് വെള്ളം ഒഴുകിയിരുന്നത്. ഇതോടെയാണ് ശൗചാലയ മാലിന്യമാണെന്ന് മനസ്സിലായതെന്ന് പ്രദേശവാസികൾ
ജനങ്ങളും ഡിവിഷൻ കൗൺസിലർ എസ്.ശ്രീലതയും പരാതി നൽകിയതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതരെത്തി പരിശോധന നടത്തി.
ആദ്യപരിശോധനയിൽ മലിനജലത്തിന്റെ ഉറവിടം കണ്ടത്താനായില്ല. പിന്നീട് ഫ്ലാറ്റിനു മുന്നിലെ ചെടികൾ മാറ്റി ഓടയുടെ സ്ലാബിളക്കി നോക്കിയപ്പോഴാണ് ഫ്ലാറ്റിൽനിന്നുള്ള ശൗചാലയമാലിന്യം ഓടയിലൊഴുക്കുന്നതു കണ്ടെത്തിയത്. രണ്ടര ഇഞ്ച് പൈപ്പിലൂടെയാണ് മലിനജലവും ഖരമാലിന്യവും ഓടയിലേക്ക് ഒഴുക്കിയിരുന്നത്. തുടർന്ന് ഈ പൈപ്പ് അടച്ചു.
ഓടയിലേക്ക് ശൗചാലയമാലിന്യം ഒഴുക്കിയത് ഒരുലക്ഷം രൂപവരെ പിഴചുമത്താവുന്ന കുറ്റകൃത്യമാണെന്നും റിപ്പോർട്ട് തയ്യാറാക്കി ഉടൻ ഫ്ലാറ്റ് അധികൃതർക്ക് നോട്ടീസ് നൽകുമെന്നും സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ്.ജെ.ശംഭൂ പറഞ്ഞു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജയൻ, പ്രമോദ്, അജിത തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ഓടയിൽ ശൗചാലയമാലിന്യം ഒഴുക്കി; ഫ്ലാറ്റിനെതിരെ കോർപ്പറേഷൻ നടപടി
