കൊല്ലം | സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഇ.ഡി. ജയിലിലടയ്ക്കാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദയാവായ്പ് കാരണമാണെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. സംസ്ഥാനസർക്കാരിനെതിരേ യു.ഡി.എഫ്. നടത്തിയ ‘വിചാരണ സദസ്സ്’ ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയുടെ അതേപതിപ്പാണ് പിണറായിയെന്നും അദ്ദേഹം പണ്ടേ കമ്യൂണിസം ഉപേക്ഷിച്ചെന്നും സുധീരൻ പറഞ്ഞു. മോദി പാർലമെന്റ് അംഗങ്ങളെ സസ്പെൻഡ് ചെയ്യിക്കുമ്പോൾ, ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ ഉപയോഗിച്ച് യുവാക്കളെ പിണറായി തല്ലിച്ചതയ്ക്കുകയാണ്. ഹിറ്റ്‌ലറിസത്തിനു സമാനമാണ് പിണറായിസം.
വെറുതേയിരുന്ന യൂത്ത് കോൺഗ്രസുകാരെ പ്രകോപിപ്പിച്ചു തെരുവിലിറക്കിയത് പിണറായിയാണ്. നവകേരള സദസ്സിനുമുമ്പ് കെട്ടിക്കിടക്കുന്ന പരാതികൾ എട്ടുലക്ഷമായിരുന്നു. സദസ്സിൽ കിട്ടിയതുകൂടി ചേർത്താൽ 15 ലക്ഷം പരാതികളാണ് പരിഹരിക്കാനുള്ളത്. സാമ്പത്തിക കേരളം തകർന്നപ്പോൾ മുഖ്യമന്ത്രി വളരുന്ന സ്ഥിതിയാണ്. സിവിൽ സപ്ലൈസ് കേന്ദ്രങ്ങൾ ഉപയോഗിച്ചു മദ്യവിൽപ്പന നടത്താനാണ് സർക്കാർ ശ്രമമെന്നും ഈ ദുർഭരണം അവസാനിപ്പിക്കാൻ ജനം അവസരം കാത്തിരിക്കുകയാണെന്നും സുധീരൻ കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ്. സർക്കാരിനെതിരായ 40 പേജ് കുറ്റപത്രം സദസ്സിൽ അവതരിപ്പിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി., ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.സി.രാജൻ, ബിന്ദുകൃഷ്ണ, സൂരജ് രവി, പി.ആർ.പ്രതാപചന്ദ്രൻ, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, കുളക്കട രാജു തുടങ്ങിയവർ പങ്കെടുത്തു.
