ടി.ബി.ജങ്ഷൻ-വട്ടപ്പട-ഇടമൺ റോഡ് പുനരുദ്ധാരണത്തിന്റെ പൂർത്തീകരണം യാഥാർഥ്യത്തിലേക്ക്

Published:

പുനലൂർ | പുനലൂരിലെ ടി.ബി.ജങ്ഷൻ-വട്ടപ്പട-ഇടമൺ റോഡ് പുനരുദ്ധാരണത്തിന്റെ പൂർത്തീകരണം യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. നവീകരണം മുടങ്ങിക്കിടക്കുന്ന വാഴമണിൽ പ്രവൃത്തിക്ക് ഒരു കരാറുകാരൻ തയ്യാറായി. സ്ഥലവാസിയുടെ ഭൂമി ഏറ്റെടുക്കേണ്ടതിനാൽ ഇദ്ദേഹവുമായി ഉടൻ ചർച്ച നടത്തും. സ്ഥലമുടമ തയ്യാറായാൽ ഉടൻ കരാർനൽകി പാർശ്വഭിത്തിയും കലുങ്കും നിർമിച്ച് ബി.എം., ബി.സി. നിലവാരത്തിൽ ടാർ ചെയ്യും.
പി.എസ്.സുപാൽ എം.എൽ.എ.യുടെയും നഗരസഭാധികൃതരുടെയും മരാമത്ത് ഉദ്യോഗസ്ഥരുടെയും നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് റോഡ് നവീകരണം യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. പ്രവൃത്തിക്കായി 85 ലക്ഷം രൂപ അനുവദിച്ചിട്ട് ഏഴുമാസം പിന്നിടുമ്പോഴാണിത്.
രണ്ടുവർഷംമുമ്പ്‌ വീതികൂട്ടി പുനരുദ്ധരിച്ച, എട്ടുകിലോമീറ്റർ നീളമുള്ള റോഡിൽ വാഴമൺമുതൽ താഴേക്കടവാതുക്കൽവരെയുള്ള 350 മീറ്റർ ഭാഗത്താണ് നവീകരണം പൂർത്തിയാകാനുള്ളത്. മുമ്പ്‌ സ്ഥലവാസികളുടെ എതിർപ്പുമൂലം പുനരുദ്ധാരണം മുടങ്ങിയ ഇവിടെ പ്രവൃത്തിക്കിടെ വീണ്ടും പ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്കമൂലം ആരും കരാറെടുക്കാൻ തയ്യാറാകാതിരുന്നതാണ് കാരണം.
കഴിഞ്ഞ ഏഴുമാസത്തിനിടെ പത്തുതവണയാണ് മരാമത്തുവകുപ്പ് പ്രവൃത്തിക്ക് കരാർ നൽകിയത്. ആരും പ്രവൃത്തി ഏറ്റെടുക്കാതിരുന്നതിനാൽ നേരിട്ട് കരാർ നൽകാൻ തീരുമാനിച്ചപ്പോഴാണ് ഒരു കരാറുകാരൻ സന്നദ്ധത പ്രകടിപ്പിച്ചത്. ഇദ്ദേഹം കഴിഞ്ഞദിവസം സ്ഥലം പരിശോധിച്ചു.

Related articles

Recent articles

spot_img