കൊല്ലം | അനധികൃത പണവും മറ്റും പിടികൂടാൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപവത്‌കരിച്ച സ്ക്വാഡിൽ ഉൾപ്പെട്ട അധ്യാപികമാർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന് പരാതി. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയും വൈകീട്ട് ഏഴുമുതൽ അടുത്തദിവസം ഏഴുവരെയുമായി രണ്ട് ഷിഫ്റ്റിലാണ് ഇവരുടെ ഡ്യൂട്ടി.
താത്‌കാലികമായി കെട്ടിയ ഷെഡിലാണ് ഒരു അധ്യാപികയും പോലീസ് ഓഫീസറും ക്യാമറാമാനും ഉൾപ്പെടെയുള്ളവർ ഇരിക്കുന്നത്. നാലോ അഞ്ചോ കസേരകൾമാത്രം. വാഹനങ്ങൾ പരിശോധിക്കുകയാണ് ഇവരുടെ ജോലി. കഴിഞ്ഞദിവസം രാത്രിയിലെ മഴയിൽ കുണ്ടറയിലെ ഷെഡ് വെള്ളത്തിൽ മുങ്ങി.
ഉദ്യോഗസ്ഥർ രാത്രി ഏറെനേരം പുറത്തുനിൽക്കേണ്ടിവന്നു. അധ്യാപികമാർക്ക് ശൗചാലയസൗകര്യങ്ങൾപോലുമില്ല. പലയിടത്തും രാത്രിയിൽ സമൂഹവിരുദ്ധരുടെ ശല്യമുണ്ട്.
മിക്ക അധ്യാപികമാരും രാത്രി ഡ്യൂട്ടിക്ക് കുടുംബവുമായാണ് വരുന്നത്. പകൽ ഡ്യൂട്ടിക്ക് എത്തുന്നവർ അടുത്തദിവസം രാത്രി ഡ്യൂട്ടിക്ക് എത്തണം.
ഇതിനിടയിൽ അവധികൾ ഇല്ല, അടിയന്തര സാഹചര്യത്തിൽ ആർക്കെങ്കിലും വരാൻ കഴിഞ്ഞില്ലെങ്കിൽ അവരുടെ ഡ്യൂട്ടികൂടി മറ്റുള്ളവർ ചെയ്യേണ്ട അവസ്ഥയാണെന്നും പരാതിയുണ്ട്.
