ചാത്തന്നൂർ | ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം യഥാസമയം നീക്കം ചെയ്യുന്നില്ലെന്ന് ആക്ഷേപം. മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ നിറഞ്ഞുകവിഞ്ഞെങ്കിലും ഇവ എടുത്തുമാറ്റി വേർതിരിക്കാൻ നടപടിയില്ലെന്നാണ് പരാതി. കളക്ഷൻ സെന്ററുകളിൽ കൂടിക്കിടക്കുന്ന മാലിന്യം നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഹരിതകർമസേനയ്ക്ക് പുതിയ കെട്ടിടവും രണ്ട് ഇലക്ട്രിക് വാഹനങ്ങളും നേരത്തേ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ആരോപണം. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ്വസ്തുക്കൾ ശേഖരിച്ച് ആഴ്ചകളോളം വാർഡുകളിലെ റോഡരികിലാണ് വയ്ക്കുന്നത്. ഇത് തെരുവുനായ്ക്കൾ കടിച്ചെടുത്ത് പലവീടുകളിൽ കൊണ്ടിടുന്നു. പഞ്ചായത്തിൽ മാലിന്യം തരംതിരിക്കുന്ന കെട്ടിടം പൊളിഞ്ഞുവീഴുന്ന അവസ്ഥയിലാണ്.
