ചിന്ത ജെറോമിനെ കാറിടിച്ച സംഭവം; യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവത്തകർക്കെതിരെ വധശ്രമത്തിനു കേസ്.

Published:

കൊല്ലം  |  ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ, സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ചു പരുക്കേൽപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവത്തകർക്കെതിരെ കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സെയ്ദലി, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ എന്നിവർക്കെതിരെ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സെയ്ദലി മനപൂർവം കാർ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസൽ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

അതേസമയം, കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് ആരോപണവിധേയരുടെ വിശദീകരണം. തിരുമുല്ലവാരത്ത് ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ചിന്ത ജെറോം എൻഎസ് സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. ചാനൽ ചർച്ചയ്ക്കിടെ കോൺഗ്രസ് -സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിന്റെ വക്കിൽ എത്തിയിരുന്നു. മനപൂർവം കാർ ഇടിപ്പിച്ചതാണെന്ന് സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ ആരോപിക്കുമ്പോൾ കാർ അറിയാതെ തട്ടിയതാണെന്നു ചിന്ത തന്നെ പറഞ്ഞിരുന്നു എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വാദം.

Related articles

Recent articles

spot_img