കൊല്ലം | പൗരത്വനിയമ ഭേദഗതിയിൽ കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് നടന്ന പൗരത്വ സംരക്ഷണസദസ്സ് ഉദ്ഘാടനം ചെയ്യവെയാണ് രാഹുൽഗാന്ധിക്കും കോൺഗ്രസ് ദേശീയ നേതൃത്വത്തിനുമെതിരേ മുഖ്യമന്ത്രി രൂക്ഷവിമർശം ഉന്നയിച്ചത്. പൗരത്വനിയമ ഭേദഗതിയിൽ ഇപ്പോഴും കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ ഒരു ആശയക്കുഴപ്പവും ഇടതുപക്ഷത്തിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
‘പൗരത്വനിയമ ഭേദഗതി കൊണ്ടുവന്ന സമയത്ത് കേരളത്തിൽ എല്ലാവരും ഒന്നിച്ചായിരുന്നു പ്രതിഷേധിച്ചത്. തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിൽ പ്രതിഷേധസംഗമം നടന്നു. നിയമസഭ പ്രമേയം പാസാക്കി. എല്ലാം ഒരേ മനസ്സോടെ നടന്നു. തൊട്ടുപിന്നാലെ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ നിയമസഭാ പ്രമേയത്തെ പരിഹസിച്ചു. പ്രമേയംകൊണ്ട് കേന്ദ്രം പാസാക്കിയ നിയമം ഇല്ലാതാവില്ല എന്നായിരുന്നു പരിഹാസം.’-മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാംഘട്ടത്തിലെ പ്രതിഷേധത്തിൽനിന്ന് കോൺഗ്രസ് പിൻമാറിയതിനു പിന്നിൽ ആ പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിൻറെ ഇടപെടലായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. ‘പാർലമെൻറിൽ ഈ നിയമം കൊണ്ടുവന്നപ്പോൾ രാജ്യമൊട്ടാകെ പ്രതിഷേധമുണ്ടായി. ഡിസംബർ 10-ന് രാജ്യമാകെ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഒരൊറ്റ കോൺഗ്രസ് എം.പി.യെ പോലും പ്രതിഷേധ പരിപാടിയിലെങ്ങും കണ്ടില്ല. അവരെല്ലാം കോൺഗ്രസ് അധ്യക്ഷയുടെ വീട്ടിൽ വിരുന്നുണ്ണുകയായിരുന്നു. കോൺഗ്രസിന്റെ പ്രധാന നേതാവ് രാഹുൽഗാന്ധി വിദേശത്തായിരുന്നു.’-പിണറായി വിജയൻ പരിഹസിച്ചു.
ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത ഇടതുനേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ബിനോയ് വിശ്വം തുടങ്ങിയവരെല്ലാം അറസ്റ്റിലായി. ഏതെങ്കിലുമൊരു കോൺഗ്രസ് നേതാവ് അറസ്റ്റിലായോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിൽ ഏക ഇടതുപക്ഷ അംഗം എ.എം.ആരിഫ് ലോക്‌സഭയിൽ ശക്തമായി ശബ്ദമുയർത്തി. ചട്ടം കൊണ്ടുവന്നിട്ട് ഇതുവരെ ദേശീയതലത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസ് അധ്യക്ഷനിൽനിന്ന് ഇതിനെതിരേ ശബ്ദമുയർന്നിട്ടില്ല. മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ‘ആലോചിച്ച് പറയാമെന്നായിരുന്നു’ പ്രതികരണം. സംഘടനാ ജനറൽ സെക്രട്ടറി ചിരിക്കുകയായിരുന്നു. നിങ്ങൾ ചിരിക്കുമ്പോൾ കോടാനുകോടി മനുഷ്യരുടെ നെഞ്ചിൽ തീയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ്‌കുമാർ, എൽ.ഡി.എഫ്. സ്ഥാനാർഥി കൂടിയായ എം.മുകേഷ് എം.എൽ.എ., എം.എൽ.എ.മാരായ എം.നൗഷാദ്, പി.എസ്.സുപാൽ, ജി.എസ്.ജയലാൽ, സുജിത് വിജയൻ പിള്ള, മേയർ പ്രസന്ന ഏണസ്റ്റ്, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.
സർക്കാരിന് ആശയക്കുഴപ്പമില്ല
കൊല്ലം | മുസ്‌ലിങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കാനുദ്ദേശിച്ചുകൊണ്ട് കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയിൽ രാജ്യത്തെ ഇടതുപക്ഷത്തിനും കേരള സർക്കാരിനും ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ ബലപ്പെടുത്താനാണ് ഈ നിയമം കൊണ്ടുവന്നത്. സംഘപരിവാറിന്റെ വർഗീയ ലക്ഷ്യങ്ങളിലേക്കുള്ള പാലമാണ് ഈ നിയമഭേദഗതി. ഇതിനെതിരായ പോരാട്ടം കനത്തരീതിയിൽ ഉയരണമെന്നും ഇക്കാര്യത്തിൽ ജനങ്ങൾക്കാകെ വിശ്വസിക്കാവുന്ന രാഷ്ട്രീയവും സമീപനവും ഇടതുപക്ഷത്തിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘രാഷ്ട്രീയത്തെ ഹിന്ദുത്വവത്കരിക്കുക’ എന്ന സവർക്കറുടെ വാക്കുകളെക്കൂടി കൂട്ടിവായിച്ചാൽ മനസ്സിലാകും പൗരത്വനിയമത്തിന്റെ യഥാർഥ ലക്ഷ്യം എന്താണെന്ന്. അത് അഭയാർഥികളെ പുനരധിവസിപ്പിക്കാനോ പീഡനം നേരിടുന്നവരെ സംരക്ഷിക്കാനോ വേണ്ടിയുള്ളതല്ല. മറിച്ച്, ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള ചുവടുവയ്പുതന്നെയാണെന്ന് അദ്ദേഹം ആരോപിച്ചു.
