പത്തനാപുരം | മുന്നണി സ്ഥാനാർഥികൾ പ്രചാരണപര്യടനവുമായി എത്തിയതോടെ മലയോരത്ത് തിരഞ്ഞെടുപ്പിന് ചൂടേറുന്നു. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്., എൽ.ഡി.എഫ്., എൻ.ഡി.എ. സ്ഥാനാർഥികൾക്ക് പത്തനാപുരം നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഊഷ്മള വരവേൽപ്പ് നൽകി.
കടുത്ത ചൂടിനെയും ഇടവിട്ട് പെയ്ത മഴയെയും അവഗണിച്ച് പ്രവർത്തകർ സ്ഥാനാർഥികളെ സ്വീകരിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന് പട്ടാഴി വടക്കേക്കര, പട്ടാഴി, തലവൂർ ഗ്രാമപ്പഞ്ചായത്തുകളിൽ ആവേശകരമായ സ്വീകരണം ഒരുക്കിയിരുന്നു.
പട്ടാഴി വടക്കേക്കര കരിമ്പാലൂരിൽനിന്നാണ് പര്യടനം ആരംഭിച്ചത്. മൂന്നു പഞ്ചായത്തിലെ അറുപതോളം സ്ഥലങ്ങളിൽ കൊടിക്കുന്നിൽ സ്വീകരണം ഏറ്റുവാങ്ങി. കശുവണ്ടിമേഖലയിലെ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നേതാക്കളായ സി.ആർ.നജീബ്, ജി.രാധാമോഹൻ, കെ.അനിൽ, ജി.തുളസീധരൻ നായർ, ഹരി പട്ടാഴി, ടി.എം.ബിജു, സുധീർ മലയിൽ, എൻ.മനോഹരൻ നായർ, അജിത്കൃഷ്ണ, കൊയ്പള്ളിൽ അരവിന്ദാക്ഷൻ നായർ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.
എൽ.ഡി.എഫ്. സ്ഥാനാർഥി സി.എ.അരുൺകുമാറിന് പിറവന്തൂർ മേഖലയിൽ ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. കമുകുംചേരിയിൽ എത്തിയ സ്ഥാനാർഥിയെ പ്രവർത്തകർ സ്വീകരിച്ചു. തോട്ടംമേഖലയിലെ തൊഴിലാളികളുടെ വിഷയങ്ങൾ പരിഹരിക്കാൻ മുന്തിയ പരിഗണന നൽകുമെന്ന് തൊഴിലാളികളുടെ സ്വീകരണമേറ്റുവാങ്ങി അരുൺകുമാർ പറഞ്ഞു.
കടയ്ക്കാമൺ അംബേദ്കർ ഗ്രാമത്തിലും മുള്ളുമല, കുര്യോട്ടുമല ഗിരിജൻ കോളനികളിലും സ്വീകരണം ഒരുക്കിയിരുന്നു. നേതാക്കളായ ബി.അജയകുമാർ, ജി.ആർ.രാജീവൻ, നെടുവന്നൂർ സുനിൽ, എം.ജിയാസുദ്ദീൻ, പിറവന്തൂർ സോമരാജൻ, കറവൂർ എൽ.വർഗീസ്, റിയാസ് മുഹമ്മദ്, മഞ്ജു ഡി.നായർ തുടങ്ങിയവർ വിവിധ സ്വീകരണസ്ഥലങ്ങളിൽ പ്രസംഗിച്ചു.
എൻ.ഡി.എ. സ്ഥാനാർഥി ബൈജു കലാശാലയ്ക്ക് പട്ടാഴി വടക്കേക്കര, പട്ടാഴി, പത്തനാപുരം, പിറവന്തൂർ ഗ്രാമപ്പഞ്ചായത്തുകളിലായിരുന്നു സ്വീകരണം. പട്ടയപ്രശ്നം ഉൾപ്പെടെ പതിറ്റാണ്ടുകളായുള്ള വിഷയങ്ങൾ പരിഹരിക്കാൻ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നേതാക്കളായ എ.ആർ.അരുൺ, സുഭാഷ് പട്ടാഴി, രതീഷ് കോളൂർ, കറവൂർ കണ്ണൻ, ഹരികുമാർ, ദിനേഷ്‌കുമാർ, ജെ.രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
