മടത്തറ | കുഴിയിൽ വീഴാതെ ബസിൽ കയറാൻ വഴി കാട്ടുന്നതിന് മടത്തറ ബസ് സ്റ്റാൻഡിൽ സുരക്ഷാ ജീവനക്കാരനെ നിയമിക്കണമെന്നാണ് ചിതറ പഞ്ചായത്തിനോട് ജനങ്ങളുടെ അപേക്ഷ ഇല്ലെങ്കിൽ അഗാധമായ കുഴികളിൽപ്പെട്ട് അപകടം ഉണ്ടാകുമെന്നു തീർച്ചയാണ്. 2 വർഷത്തിനു മുൻപ് ഉദ്ഘാടനം ചെയ്ത ബസ് സ്റ്റാൻഡിൽ ഇപ്പോൾ കുഴികൾ മാത്രമാണ് ഉള്ളത്. മഴയിൽ വെള്ളം കെട്ടി കിടക്കുന്നതിനാൽ കുഴികൾ കടക്കാൻ പ്രയാസപ്പെടുകയാണു യാത്രക്കാർ. ഇതര സംസ്ഥാന ബസ് സർവീസുകളും കടന്നുപോകുന്നത് ഇതു വഴിയാണ്. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി ആയതിനാൽ യാത്രക്കാരും കുടുതൽ ആണ്. തിരുവനന്തപുരം, കൊല്ലം, ചെങ്കോട്ട, തെങ്കാശ്ശി, ആര്യങ്കാവ്, പാലരുവി, തെന്മല, പൊന്മുടി, നെയ്യാർ ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉള്ള ബസുകൾ കടന്നുപോകുന്നു. തകർന്നു കുഴിയായി കിടക്കുന്ന ബസ് സ്റ്റാൻഡ് ബസുകാർ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. കുഴികളിൽ വീണു യാത്രാബസുകൾക്കു കേടുപാടുകൾ ഉണ്ടാകുന്നതായും പരാതിയുണ്ട്.
ബസുകൾ വന്നുപോകുമ്പോൾ മലിനജലം യാത്രക്കാരുടെ ദേഹത്തു തെറിക്കും. ചിതറ പഞ്ചായത്തിന്റെ വകയാണ് ബസ് സ്റ്റാൻഡ്. ഉദ്ഘാടനത്തിനു ശേഷം കുഴികൾ നികത്തി അറ്റകുറ്റപ്പണിക്കു പഞ്ചായത്ത് തയാറായില്ല. ബസ് സ്റ്റാൻഡിലെ കുഴികൾ താൽക്കാലികമായെങ്കിലും മൂടാൻ പഞ്ചായത്ത് തയാറാകണം എന്നാണു നാട്ടുകാരുടെ ആവശ്യം.
കുഴികൾ നിറഞ്ഞു മടത്തറ ബസ് സ്റ്റാൻഡ്
