ചടയമംഗലം | ആയൂരിൽനിന്ന് ബൈക്ക് മോഷ്ടിച്ച രണ്ടുപേരെ ചടയമംഗലം പോലീസ് പിടികൂടി. അഞ്ചാലുംമൂട് സരിതാ ഭവനിൽ പ്രവീൺ (24), കൊല്ലം ജവഹർ ജങ്ഷനിൽ മുഹമ്മദ് താരിഖ് (25) എന്നിവരാണ് പിടിയിലായത്. പിടിയിലായ മുഹമ്മദ് താരിഖ് മുപ്പതോളം കേസുകളിൽ പ്രതിയാണ്കഴിഞ്ഞ ജൂൺ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എം.സി.റോഡിൽ ആയൂർ അകമണിലുള്ള കാർ ഫാഷൻസ് ആക്സസറിസ് എന്ന കടയുടെ മുൻവശത്ത് സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം കൊല്ലം ഈസ്റ്റ് ഷാഡോ പോലീസ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൊല്ലത്തുള്ള പ്രതികളുടെ വീട്ടിലെത്തി നടത്തിയ ചോദ്യംചെയ്യലിൽ പ്രതികളിൽ ഒരാളുടെ കൈക്ക് പരിക്കുപറ്റിയതായി കണ്ടു.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഒന്നരമാസംമുൻപ് ബൈക്ക് ഓടിച്ച് അപകടത്തിൽപ്പെട്ടതായും ആ
ബൈക്ക് കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ ഉള്ളതായും പറഞ്ഞു.
തുടർന്ന് കൊല്ലം ഈസ്റ്റ് ഷാഡോ പോലീസ് കണ്ണനല്ലൂർ പോലിസുമായി ബന്ധപ്പെട്ടു. കണ്ണനല്ലൂർ പോലീസ് ബൈക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. വാഹനത്തിൻ്റെ നമ്പരും എൻജിൻ നമ്പരും ഉപയോഗിച്ച് ആയുരിൽ കാർ ആക്സസറീസ് ഷോപ്പ് നടത്തുന്ന എഴുകോൺ സ്വദേശി യായ ബൈജുവുമായി ബന്ധപ്പെട്ടു. പിന്നിടാണ് ആയൂരിൽനിന്നു മോഷണംപോയ ബൈക്കാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
ഈസ്റ്റ് ഷാഡോ പോലീസ് എസ്.സി.പി.ഒ. ഷെഫിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചടയമംഗലം പോലീസിന് കൈമാറിയത്. പ്രതികളെ ആയൂരിലെ കടയിൽ എത്തിച്ച് തെളിവെടുത്തു. ചടയമംഗലം ഇൻസ്പെക്ടർ എൻ.സുനീഷ്, എസ്.ഐ.മാരായ മോനിഷ്, എസ്. ദിലീപ്, ഫ്രാങ്ക്ലിൻ, വേണു, ഉല്ലാസ്, ജോബി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ബൈക്ക് മോഷ്‌ടാക്കൾ അറസ്റ്റിൽ
