പഴയേരൂർ വളവ് സൂക്ഷിക്കുക, അപകടം കൂടെ!

Published:

ഭാരതീപുരം | മലയോര ഹൈവേയുടെ ഭാഗമായ അഞ്ചൽ – കുളത്തൂപ്പുഴ പാതയിലെ പഴയേരൂർ വളവ് ഭാരവാഹനങ്ങളുടെ ഡ്രൈവർമാർക്കു പേടി സ്വപ്നമായി. ഒരു വർ‍ഷത്തിനിടെ ഇവിടെ മറിഞ്ഞ വാഹനങ്ങൾക്ക് എണ്ണമില്ല. ഇന്നലെ ഉച്ചയോടെ നിറയെ മെറ്റലുമായി എത്തിയ ലോറി മറിഞ്ഞതു പരിഭ്രാന്തിക്കിടയാക്കി. ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു. ലോറിയുടെ വീഴ്ചയിൽ റോഡരികിലെ ഗോസ്പൽ ചർച്ചിന്റെ മുറ്റത്തെ കിണർ തകർന്നു. റോഡ് പുനർനിർമിച്ചപ്പോൾ വളവ് ശാസ്ത്രീയമായി ക്രമീകരിക്കാത്തതാണു പ്രശ്നമായത്. കുളത്തൂപ്പുഴ ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ ഇറക്കം ഇറങ്ങി വളവ് തിരിയുമ്പോഴാണ് മറിയുന്നത്.
റോഡ് പരിചയമുള്ള ഡ്രൈവർമാർ പോലും ഇവിടെ എത്തുമ്പോൾ ശരിക്കും കുഴങ്ങുന്നു. തമിഴ്നാട്ടിൽ നിന്നും മറ്റും സാധനങ്ങളുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ അവസ്ഥ അതിലും കഷ്ടമാകും. ഒട്ടേറെ വാഹനങ്ങൾ മറിഞ്ഞതു കാരണം പരിസരവാസികളും ഭയത്തിലാണ്.
രാത്രിയാണു അപകടങ്ങളിൽ അധികവും. രക്ഷാ പ്രവർത്തനം പലപ്പോഴും ദുഷ്കരമാണെന്നു നാട്ടുകാർ പറയുന്നു. വലിയ അപകടങ്ങൾക്കു സാധ്യത ഉള്ളതിനാൽ‍ ഉടൻ പരിഹാരം ആവശ്യമാണ്. പൊതുമരാമത്ത് വകുപ്പ് അലംഭാവം കാട്ടരുത് എന്നാണ് ആവശ്യം.

Related articles

Recent articles

spot_img