കൊല്ലം | സ്വന്തം വക്കീൽ ഓഫീസിൽ 24-ന് രാത്രി മരിച്ചനിലയിൽ കണ്ടെത്തിയ രാകേഷ് കെ.രാജന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കൊല്ലം ബാർ അസോസിയേഷൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പോലീസ് സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിലെ വസ്ത്രത്തിന്റെ പോക്കറ്റിൽനിന്ന് സ്വർണാഭരണം വാങ്ങിയ ചെറിയ പെട്ടി കണ്ടെടുത്തിരുന്നു. അതിൽ സ്വർണം ഇല്ലായിരുന്നു. സ്വർണം പൊതിയുന്ന തരത്തിലുള്ള ചുവന്ന കടലാസ് അദ്ദേഹത്തിന്റെ ഓഫീസിനു പുറത്തെ സ്റ്റൂളിൽ കണ്ടിരുന്നു. അന്നു വൈകുന്നേരം ജൂവലറിയിൽനിന്ന് രാകേഷ് കുഞ്ഞിനുള്ള സ്വർണ അരഞ്ഞാണം വാങ്ങിയതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. തൊട്ടടുത്ത ദിവസം കുഞ്ഞിന്റെ ചരടുകെട്ടിനുള്ള ആഭരണമായിരുന്നു അത്. ഇത് കണ്ടില്ലെന്നത് ദുരൂഹമാണ്. ആഭരണം വെക്കുന്ന പെട്ടി ഭദ്രമായി അടച്ചനിലയിൽ വസ്ത്രത്തിന്റെ പോക്കറ്റിൽ ഉണ്ടാകുകയും ആഭരണം പൊതിഞ്ഞതെന്നു കരുതുന്ന കടലാസ് ഓഫീസിനു വെളിയിൽ ഉപേക്ഷിച്ചനിലയിൽ കാണുകയും ചെയ്തത് സംശയകരമായി തോന്നുന്നു. വൈകീട്ട് 7.30-ന് അദ്ദേഹം ഭാര്യയുമായി ഫോണിൽ സംസാരിച്ചെന്നും ആ സമയം ഓഫീസിൽ ആരോ ഒപ്പമുള്ളതായി സൂചിപ്പിച്ചെന്നും അറിയുന്നു. അതിനുശേഷമുള്ള ഫോൺ കോളുകൾ രാകേഷ് എടുത്തിട്ടുമില്ല. 28 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ചരടുകെട്ടിന് ആഭരണം വാങ്ങിയ ആൾ മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്യുമെന്ന് കരുതാൻ നിവൃത്തിയില്ല.ഈ സാഹചര്യങ്ങൾ പോലീസ് ശരിയായ രീതിയിൽ അന്വേഷിച്ച് മരണത്തിന്റെ കാരണം കണ്ടെത്തണമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് ബോറിസ് പോൾ, സെക്രട്ടറി കെ.ബി.മഹേന്ദ്ര എന്നിവർ ആവശ്യപ്പെട്ടു.
