അഞ്ചാലുംമൂട്| അഷ്ടമുടിക്കായലോരത്ത് വീരഭദ്രസ്വാമിക്ഷേത്രത്തിനു സമീപം വിളക്കുമാടവും (ലൈറ്റ് ഹൗസ്) കായൽസൗന്ദര്യം ആസ്വദിക്കാനുള്ള സംവിധാനവും (ലേക്ക് വ്യൂവിങ് സെന്റർ) സ്ഥാപിക്കണമെന്നാവശ്യം. അഷ്ടമുടിക്കായലിന്റെ വീതികൂടിയ ഭാഗമായ ഇവിടെ ഇരുകരകൾ തമ്മിൽ നാലുകിലോമീറ്ററോളം അകലമുണ്ട്. നൂറുകണക്കിനു മത്സ്യത്തൊഴിലാളികൾ രാത്രികാലങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന പ്രധാന മേഖലകൂടിയാണിത്. അതുകൊണ്ടു തന്നെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ലൈറ്റ് ഹൗസ് സ്ഥാപിക്കണമെന്നത് അനിവാര്യവുമാണ്.കല്ലടയാർ ഒഴുകി കായലിൽ സംഗമിക്കുന്നത് ക്ഷേത്രത്തിനു വടക്കുപടിഞ്ഞാറ് ഭാഗത്തായാണ്. കായലും കല്ലടയാറും സംഗമിച്ച് അറബിക്കടലിനോടു ചേരുന്ന ഭാഗത്തുള്ള നീണ്ടകര പാലവും വീരഭദ്രസ്വാമിക്ഷേത്രത്തിനു സമീപമുള്ള കായലോരത്തുനിന്നാൽ ദൃശ്യമാകും.
വിനോദസഞ്ചാരികൾക്കായി കായലോരത്തു സ്ഥാപിച്ച ഇരിപ്പിടങ്ങളെല്ലാം തകർന്നനിലയിലാണ്. അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്രത്തിനു സമീപം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ക്രാഫ്റ്റ് സെൻ്റർ എന്നപേരിൽ കെട്ടിടം നിർമിച്ചതല്ലാതെ ഇത് ഫലപ്രദമായി വിനിയോഗിക്കാനുള്ള നടപടി ഡി.ടി.പി.സി. യുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. ഇവിടെ ലൈറ്റ് ഹൗസിനു പുറമേ, കൊല്ലം തങ്കശ്ശേരിയിലെ മാതൃകയിൽ ഒരു ലേക്ക് വ്യൂവിങ് സെന്റർകൂടി നിർമിച്ചാൽ അഷ്ടമുടിയുടെ വിനോദ സഞ്ചാരമേഖലയ്ക്ക് വൻ കുതിപ്പേകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
അഷ്ടമുടിക്കായലോരത്തിനു വേണം വിളക്കുമാടം.
