കൊല്ലം | ഭിന്നശേഷി സൗഹൃദ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ മനോഭാവത്തിലും മാറ്റം വരണമെന്ന് മന്ത്രി ആർ.ബിന്ദു. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും ക്ഷേമനിധി ആനുകൂല്യങ്ങളുടെയും ജില്ലാതല വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. ഭിന്നശേഷി സൗഹൃദമാകുന്ന വിഷയത്തിൽ നമുക്ക് ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട്. പൊതുബോധത്തിൽ മാറ്റം കൊണ്ടുവരേണ്ടതിന്റെ ഭാഗമായാണു വികലാംഗ കോർപറേഷൻ എന്ന പേരു ഭിന്നശേഷി കോർപറേഷനാക്കി മാറ്റിയത്. സമൂഹത്തിന്റെ എല്ലാ ഇടങ്ങളിലും പ്രവർത്തനങ്ങളിലും ഭിന്നശേഷിക്കാർക്കു പ്രഥമ പരിഗണന നൽകാൻ സാധിക്കണം. സർക്കാരിന്റെ നേതൃത്വത്തിൽ ശുഭയാത്ര, ശ്രാവൺ, ഹസ്തദാനം തുടങ്ങി ഒട്ടേറെ പദ്ധതികളാണു നടപ്പാക്കുന്നത്. സർക്കാർ മേഖലയിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ 800 തസ്തികകൾ കണ്ടെത്തിയിട്ടുണ്ട്. എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്ന ‘ശുഭയാത്ര’, കേൾവി പരിമിതർക്കുള്ള ‘ശ്രവൺ’, ഗുരുതര ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള സ്ഥിരനിക്ഷേപ പദ്ധതിയായ ’ഹസ്തദാനം’ എന്നീ പദ്ധതികളിലെ ഗുണഭോക്താക്കൾക്കുള്ള സഹായ വിതരണവും 8 ഇലക്ട്രിക് വീൽചെയറുകളും മന്ത്രി വിതരണം ചെയ്തു. വികലാംഗ കോർപറേഷന്റെ പേര് ഭിന്നശേഷി കോർപറേഷൻ എന്നാക്കി മാറ്റിയതിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.
സംസ്ഥാന ഭിന്നശേഷി കോർപറേഷൻ അധ്യക്ഷ എം.വി.ജയഡാളി, മാനേജിങ് ഡയറക്ടർ കെ.മൊയ്തീൻ കുട്ടി, ജില്ലാ പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ എസ്.ജയൻ, കൗൺസിലർ ബി.ശൈലജ, ജില്ലാ സാമൂഹിക നീതി ഓഫിസർ കെ.ആർ.പ്രദീപൻ, ഭിന്നശേഷി കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം ചാരുംമൂട് പുരുഷോത്തമൻ, ഫിനാൻസ് ഓഫിസർ എസ്.പ്രദീപ്കുമാർ, സാമൂഹികനീതി ജില്ലാ ഉപദേശക സമിതിയംഗം സുനിൽ അത്തിക്കൽ എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി വ്യക്തികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തണം: ആർ.ബിന്ദു
