മാലിന്യം മാറ്റുന്നില്ല. അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നശിക്കുന്നു

Published:

അഞ്ചാലുംമൂട് | കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യാൻ വൈകുന്നതിനാൽ പഴയ അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടം നാശത്തിൻ്റെ വക്കിൽ. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ തൃക്കരുവ, തൃക്കടവൂർ, കിളികൊല്ലൂർ, ശക്തികുളങ്ങര പഞ്ചായത്തുകളെ ഉൾക്കൊള്ളിച്ച് രൂപവത്കരിച്ചതാണ് അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്ത്. ഇവിടെയുണ്ടായിരുന്ന എൻ.ഇ.എസ്. ബ്ലോക്ക് കെട്ടിടം ആസ്ഥാ നമന്ദിരമാക്കുകയും ചെയ്തു. സർക്കാർ ബ്ലോക്ക് പഞ്ചായത്തുകൾക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി 1988- ൽ അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്തിന് ലക്ഷങ്ങൾ ചെലവാക്കി ബഹുനില മന്ദിരം നിർമിച്ചുനൽകിയിരുന്നു.
എന്നാൽ തൃക്കടവൂർ, കിളികൊല്ലൂർ, ശക്തികുളങ്ങര പഞ്ചായത്തുകൾ കോർപ്പറേഷന്റെ ഭാഗമാക്കിയതോടെ തൃക്കരുവ പഞ്ചായത്ത് ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ ലയിപ്പിച്ചു. ഇതോടെ അഞ്ചാലുംമൂട് ബ്ലോക്ക് പഞ്ചായത്ത് ഇല്ലാതെയായി. ഇപ്പോൾ ഈ ബഹുനില കെട്ടിടം ഉൾപ്പെടെ കൊല്ലം കോർപ്പറേഷൻ്റെ വകയാണ്. അഞ്ചാലുംമൂട് പ്രദേശത്തുനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനും പൊടിച്ചുമാറ്റുന്നതിനുമുള്ള സ്ഥലമാക്കിയതോടെ ഇവിടെ മാലിന്യം കുന്നുകൂടി. അടുത്തിടെ മാലിന്യത്തിന് തീപിടിക്കുകയും വൻ നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. ഇതോടെ മാലിന്യം സംഭരിക്കൽ നിർത്തിവെച്ച് അതത് ഡിവിഷനുകളിൽ ശേഖരിക്കുന്നതിനുള്ള സംവിധാനമൊരുക്കി കത്തിയമർന്ന മാലിന്യത്തിൻ്റെ അവശിഷ്ടങ്ങൾ ഇപ്പോഴും മുറികൾക്കുള്ളിൽ കുന്നുകൂടിക്കിടക്കുകയാണ്. കെട്ടിടത്തിനു മുന്നിലുള്ള ഷീറ്റ് മേഞ്ഞ ഷെഡ്ഡ് ഏതുസമയവും നിലം പൊത്താവുന്നനിലയിലും. ഇതിനിടെ അഞ്ചാലുംമൂട്ടിലെ കോർപ്പറേഷൻ സോണൽ ഓഫീസ് കോടികൾ ചെലവഴിച്ച് പുനർനിർമിക്കാനുള്ള ശിലാസ്ഥാപനം നടത്തിയിരുന്നു. താത്‌കാലികമായി കോർപ്പറേഷൻ ഓഫീസ് പഴയ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി പദ്ധതിവിഹിതത്തിൽനിന്ന് കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
അടിയന്തരമായി കെട്ടിടത്തിലെ മാലിന്യം നീക്കം ചെയ്യുകയും, കെട്ടിടത്തിന്റെ അറ്റ കുറ്റപ്പണി നടത്തുകയും ചെയ്തില്ലെങ്കിൽ സോണൽ ഓഫീസിനുവേണ്ടിയുള്ള പുതിയ കെട്ടിടത്തിൻ്റെ നിർമാണവും വൈകുമെന്നുറപ്പാണ്.

Related articles

Recent articles

spot_img