പന്മനയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം.

Published:

ചവറ | ആളില്ലാത്ത വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. പന്മന കൊല്ലക കൈപ്പൂരത്തിൽ യോഹന്നാന്റെ വീട്ടിലാണ് കവർച്ച നടന്നത്. പിൻവാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും സ്വർണ കമ്മലുമാണ് കവർന്നത്. കഴിഞ്ഞ 11ന് ചികിത്സയുമായി ബന്ധപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു വീട്ടുകാർ. ഇന്നലെ ഉച്ചയ്ക്ക് മടങ്ങി എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. ‌മുഴുവൻ മുറികളിലെയും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. സ്വർണം മറ്റ് സ്ഥലങ്ങളിൽ ഒളിപ്പിച്ചിരിക്കാം എന്ന സംശയത്തിൽ മോഷ്ടാക്കൾ ഫ്രിജ്, പാത്രങ്ങൾ, ധാന്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവയെല്ലാം പരിശോധിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും പൊലീസ് നായയും എത്തി തെളിവെടുപ്പ് നടത്തി. അടഞ്ഞ് കിടക്കുന്ന വീടാണെന്ന് മുൻ കൂട്ടി മനസ്സിലാക്കി മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ 1ന് ചവറയിലും സമാനമായ മോഷണം നടന്നു. ഇവിടെ നിന്നും 37000 രൂപയാണ് കവർന്നത്.

Related articles

Recent articles

spot_img