കൊല്ലം | പോളിങ് ബൂത്തുകൾ വോട്ടർ സൗഹൃദമാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്നത് എന്തെല്ലാമാണ്? കുട്ടികളെ പരിപാലിക്കാനുള്ള ക്രഷും ആയയും മുതൽ കുടിവെള്ളവും വീൽചെയറും വരെയാണ് വോട്ടർമാരെ കാത്തിരിക്കുന്നത്. വോട്ടു ചെയ്യാൻ താൽപര്യപ്പെട്ടു ബൂത്തിൽ എത്തുന്ന എല്ലാവരെയും വോട്ടു ചെയ്യിക്കുക എന്നതാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ ലക്ഷ്യം.
ചില ‘സൗഹാർദ’ ക്രമീകരണങ്ങൾ
∙ പോളിങ് സ്റ്റേഷനിലെ പ്രധാന കവാടത്തിന് സമീപം വോട്ടർ അസിസ്റ്റൻസ് ബൂത്ത് ക്രമീകരിക്കാം. സമ്മതിദായകരെ സഹായിക്കുന്നതിനായി ബിഎൽഒമാരുടെ സേവനം ഉറപ്പാക്കണം.
∙ പുരുഷന്മാർക്കും സ്ത്രീകൾക്കു പ്രത്യേകം ശുചിമുറികൾ (ശുചിമുറികൾ ഇല്ലാത്ത സ്ഥലങ്ങളിൽ താൽക്കാലിക ക്രമീകരണങ്ങൾ ഒരുക്കണം).
∙ പോളിങ് ബൂത്ത് എവിടെ, എന്തൊക്കെയാണ് സൗകര്യങ്ങൾ, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എവിടെ തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി അടയാളപ്പെടുത്തണം. ഇംഗ്ലിഷിലും മലയാളത്തിലും നീല പേപ്പറിൽ വെള്ള നിറത്തിൽ രേഖപ്പെടുത്തണം.
∙ വോട്ടർമാരെ അനുഗമിക്കുന്ന കുട്ടികൾക്കായി ക്രഷ് സൗകര്യം ഏർപ്പെടുത്തണം. കുട്ടികളുടെ പരിപാലനത്തിനായി പ്രത്യേകം ആയമാരോയോ, വൊളന്റിയേഴ്സിനെയോ ചുമതലപ്പെടുത്തണം.
∙ മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളിലെ വോട്ടർമാർക്കമായി ചരിവുള്ള റാംപ് ക്രമീകരിക്കണം. സ്ഥിരം റാംപില്ലാത്ത സ്ഥലങ്ങളിൽ താൽക്കാലിക റാംപുകൾ ക്രമീകരിക്കാം.
∙ ശാരീരിക ബുദ്ധിമുട്ടുള്ള വോട്ടർമാർക്കായി വീൽചെയറുകൾ ക്രമീകരിക്കണം.
∙ ഭിന്നശേഷി വോട്ടർമാർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി ബെഞ്ച്, കസേര ക്രമീകരിക്കണം.
∙ വരി നിൽക്കുന്നിടത്ത് വെയിൽമറ (പന്തൽ, ഷാമിയാന തുടങ്ങിയവ) ഒരുക്കണം.
∙ കുടിവെള്ളം ഉറപ്പു വരുത്തണം. ശുദ്ധജലം നിറച്ച ഡിസ്പെൻസറും പരിസ്ഥിതി സൗഹൃദ ഗ്ലാസുകളും ലഭ്യമാക്കണം.
∙ നീണ്ട ക്യൂവിനു സാധ്യതയുള്ള ബൂത്തുകളിൽ നിയന്ത്രണത്തിനായി സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പു വരുത്തണം.
പോളിങ് സ്റ്റേഷനുള്ളിൽ…
∙ പ്രിസൈഡിങ് ഓഫിസർ ഉൾപ്പെടെ 4 ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നത്.
∙ പ്രിസൈഡിങ് ഓഫിസർ ബൂത്തിലെ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും. വോട്ടിങ് മെഷീന്റെ നടത്തിപ്പ് ഉൾപ്പെടെ ഓരോ ബൂത്തിലും എന്തു സംഭവിച്ചാലും അതിനെല്ലാം ഉത്തരവാദിയാണ് പ്രിസൈഡിങ് ഓഫിസർ. പോളിങ് ബൂത്തിന്റെ 200 മീറ്റർ പരിധിയിലെ സ്ഥാനാർഥിയുടെ പേരോ, പോസ്റ്ററോ, ബാനറോ, ചിഹ്നമോ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതും ഈ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തമാണ്.
∙ പോളിങ് ഓഫിസർ 01: ബൂത്തിലേക്ക് കടന്നു വരുന്ന വോട്ടർമാരെ തിരിച്ചറിയുക, അവരുടെ പേരു വിളിച്ചു പറയുന്നതും ഈ ഉദ്യോഗസ്ഥനാണ്.
∙ പോളിങ് ഓഫിസർ 02: വോട്ടർമാരുടെ ഇടതു കൈയുടെ ചൂണ്ടു വിരലിൽ മഷി പുരട്ടുകയാണ് ഈ ഉദ്യോഗസ്ഥൻ ചെയ്യേണ്ടത്.
∙ പോളിങ് ഓഫിസർ 03: മഷി പുരട്ടിയെന്ന് ഉറപ്പു വരുത്തുക, വോട്ടർ സ്ലിപ് വാങ്ങി സൂക്ഷിക്കുക, ബാലറ്റ് സ്വിച്ച് അമർത്തി വോട്ടറെ വോട്ടിങ് കംപാർട്മെന്റിലേക്ക് കടത്തിവിടുക, വോട്ട് ചെയ്ത ശേഷം വിസിൽ കേട്ടോയെന്നും ചുവന്ന ലൈറ്റ് അണഞ്ഞുയെന്നും ഉറപ്പു വരുത്തുക തുടങ്ങിയവയാണ് മൂന്നാം ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തങ്ങൾ.
∙ മേൽപറഞ്ഞ 4 ഉദ്യോഗസ്ഥരെ കൂടാതെ സ്ഥാനാർഥികളുടെ ബൂത്ത് തല ഏജന്റുമാരും ഓരോ പോളിങ് ബൂത്തിലും കാണും.
