കൊട്ടാരക്കര | സോഷ്യൽ മീഡിയയിലൂടെ വീട്ടിലിരുന്ന് പണം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് പുത്തൂർ സ്വദേശിയിൽ നിന്ന് 34,00376 രൂപ കബളിപ്പിച്ചെടുത്ത ചെന്നൈ സ്വദേശിയായ യുവാവിനെ കൊല്ലം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഐസിഎഫ് കോളനി നാലാം തെരുവ് വെസ്റ്റ് കോളനിയിൽ ദർല പ്രവീൺകുമാർ(32) ആണ് പിടിയിലായത്.
ഇയാൾ സമാനമായ മറ്റൊരു കേസിൽ ചെന്നൈയിൽ അഞ്ചാം പ്രതിയായി ജാമ്യത്തിൽ തുടരവേയാണു സംഭവം. തട്ടിപ്പു സംഘത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് വിവരം. സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച ശേഷം ജോലി സംബന്ധമായ ചുമതലകൾ നൽകിയാണ് തട്ടിപ്പ്. കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എസ്.ശിവപ്രകാശ്, എസ്ഐ പ്രസന്നകുമാർ, എഎസ്‌ഐ സി.ലിജുകുമാർ, സിപിഒമാരായ രജിത് ബാലകൃഷണൻ, സൈറസ് ജോബ്, രജിൻ നാരായണൻ എന്നിവരാണ് ഇന്നലെ ഇയാളെ പിടികൂടിയത്.
