ചാത്തന്നൂർ | ശബരിമല തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം ചാത്തന്നൂർ താഴം നോർത്ത് കളിയാകുളം സോമൻ വില്ലയിൽ രാജേഷ് പിള്ളയാണ് (45) മരിച്ചത്. ഇന്നലെ രാവിലെ 10നു വണ്ടിപ്പെരിയാറിൽ നിന്നു സത്രം വഴി പുല്ലുമേട്ടിലേക്കു പോകുമ്പോൾ സീതക്കുളം ഭാഗത്താണ് ഇദ്ദേഹം കുഴഞ്ഞുവീണത്. മകൻ ഉൾപ്പെടുന്ന ഏഴംഗ തീർഥാടക സംഘത്തിനൊപ്പം ചൊവ്വ വൈകിട്ട് ആറോടെയാണ് രാജേഷ് പിള്ള ശബരിമലയ്ക്കു പുറപ്പെട്ടത്. വാഹനത്തിൽ കൊട്ടാരക്കരയിൽ എത്തിയ ശേഷം ബസിലായിരുന്നു തുടർയാത്ര. പുണെയിൽ ബിസിനസുകാരനാണ്.സീതക്കുളത്ത് ഉണ്ടായിരുന്ന മെഡിക്കൽ സംഘം മരണം സ്ഥിരീകരിച്ചു.
