അഞ്ചാലുംമൂട് | കാറിടിച്ച് വഴിയാത്രക്കാരനു പരിക്കേറ്റു. കാവനാട് സ്വദേശി ഷാജു(55)വിനാണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഇടിയേറ്റ് ഷാജു റോഡിലേക്കു വീണെങ്കിലും കാർ നിർത്താതെ പോയി. പിറകേയെത്തിയ വാഹനയാത്രക്കാരും അതുവഴിവന്ന പത്രവിതരണക്കാരനും രക്ഷകരായി. വിവരമറിയിച്ചതിനെ തുടർന്ന് അഞ്ചാലുംമൂട് പോലീസെത്തി. തലയ്ക്കു പരിക്കേറ്റ ഷാജുവിനെ പിന്നീട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളനിറത്തിലുള്ള കാറാണ് ഇടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാറിന്റെ നമ്പർ പോലീസിനു കൈമാറിയിട്ടുണ്ട്.
