പുത്തൂർ | ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വതന്ത്രമായ അഭിപ്രായങ്ങൾ പറയാൻ ആളുകൾ ഭയക്കുമ്പോൾ കേരളം തികച്ചും വേറിട്ടുനിൽക്കുന്നത് നമ്മുടെ വിദ്യാഭ്യാസമേഖലയുടെ കരുത്താണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കുളക്കട ജി.വി.എച്ച്.എസ്.എസ്. ആൻഡ് എച്ച്.എസ്.എസിന്റെ ശതാബ്ദി വാർഷികാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നൂറുവർഷത്തിലേറെ പൂർത്തിയാക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇന്നും കേരളത്തിലെമ്പാടും പ്രവർത്തനമികവോടെ ശിരസ്സുയർത്തി നിൽക്കുന്നത് ഏറെ അഭിമാനകരമാണ്. ഇതിന്റെ സ്ഥാപനത്തിനായി മുന്നിട്ടിറങ്ങിയവരുടെ ആത്മാർഥതയും സേവനമനസ്സും നാം ഒരിക്കലും മറന്നുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത് അധ്യക്ഷനായി.
പ്രതിഭാ പുരസ്കാര വിതരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. കുളക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല, ജില്ലാപഞ്ചായത്ത് അംഗം ആർ.രശ്മി, കുളക്കട ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി.ബീന. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ.അജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.മോഹനൻ, വാർഡ് അംഗങ്ങളായ സന്ധ്യ എസ്.നായർ, കവിത ഗോപകുമാർ, പി.ടി.എ. പ്രസിഡന്റ് ആർ.രാജേഷ്, പ്രിൻസിപ്പൽ എസ്.ജെസി തുടങ്ങിയവർ സംസാരിച്ചു.
