കൊല്ലം | കലക്ടറേറ്റിനു സമീപം കോടതി സമുച്ചയ നിർമാണത്തിന് 78.20 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ടെൻഡർ നടപടി കഴിഞ്ഞാലുടൻ നിർമാണത്തിലേക്ക് കടക്കും.1.65 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ 4 നിലകളിലായാണ് സമുച്ചയം നിർമിക്കുന്നത്. കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് കലക്ടറേറ്റിനു സമീപം എൻജിഒ ക്വാർട്ടേഴ്സിന്റെ ഭാഗമായ രണ്ടര ഏക്കർ ഭൂമി കോടതി സമുച്ചയ നിർമാണത്തിന് ജുഡീഷ്യറി വകുപ്പിന് കൈമാറിയിരുന്നു.
സമുച്ചയ നിർമാണം പൂർത്തിയാകുന്നതോടെ സിവിൽ സ്റ്റേഷനിൽ നിന്ന് 17 കോടതികളും 25 ലേറെ അനുബന്ധ ഓഫിസുകളും ഇവിടേക്ക് മാറും. സിവിൽ സ്‌റ്റേഷനിലെ സ്ഥല പരിമിതി ബുദ്ധിമുട്ടുകളും ഒഴിവാകും. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ഓഫിസുകൾ സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ കഴിയും. കോടതികളിലും മതിയായ സ്ഥലസൗകര്യം ലഭിക്കും. 25,765 ചതുരശ്ര അടി വിസ്തീർണത്തിൽ കോടതി ഹാൾ, 11,115 ചതുരശ്ര അടിയിൽ ചേംബർ ഏരിയ, 7370 ചതുരശ്ര അടിയിൽ കോടതികളിൽ എത്തുന്നവർക്കായി വെയിറ്റിങ് ഏരിയ, 46,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഓഫിസ് ഹാൾ എന്നിവയാണ് നിർമിക്കുന്നത്. ദീർഘകാല സ്വപ്നമായിരുന്ന കോടതി സമുച്ചയത്തിന് തുക അനുവദിച്ച നടപടിയെ കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ബോറിസ് പോൾ, സെക്രട്ടറി അഡ്വ. കെ.ബി.മഹേന്ദ്ര എന്നിവർ നന്ദി അറിയിച്ചു.
