പാഞ്ഞെത്തിയ കാറിടിച്ച് 6 പേർക്ക് പരുക്ക്

Published:

ചവറ |  നീണ്ടകര പുത്തൻതുറയിൽ പാഞ്ഞെത്തിയ കാർ ഇരുചക്രവാഹനങ്ങളെയും കാൽനട യാത്രക്കാരനെയും ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ബാങ്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. 6 പേർക്ക് പരുക്കേറ്റു. കാൽനടയാത്രക്കാരൻ ചവറ നല്ലേഴുത്ത് മുക്ക് സ്വദേശി കണ്ണൻ (17), ഇരുചക്രവാഹനയാത്രക്കാരായ നീണ്ടകര പുത്തൻതുറ ലക്ഷം വീട് അരുൺ നിവാസിൽ അരുൺ (32), അഖിൽ (20), ഗോപൻ (35), അനുമോൻ (38) കാർ ഡ്രൈവർ ചവറ സ്വദേശി അമരേഷ് (28) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 4.45ന് നീണ്ടകര പുത്തൻതുറ ആൽത്തറമൂട് ജംക്‌ഷനിലായിരുന്നു അപകടം.

ചവറ ഭാഗത്തേക്ക് പോയ കാർ കാൽനടയാത്രക്കാരനായ വിദ്യാർഥി കണ്ണനെയും എതിരെ വന്ന ഇരുചക്ര വാഹനങ്ങളിലും ഇടിച്ച ശേഷം സമീപത്തെ നീണ്ടകര സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. കെട്ടിടത്തിനു വിള്ളൽ വീണു. വഴിയാത്രക്കാരും വാഹനങ്ങളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കണ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ കാറിൽ കുടിങ്ങിയവരെ പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെത്തിച്ചത്. പരുക്കേറ്റവരെ സംബന്ധിച്ചു കൃത്യമായ വിവരം പൊലീസിനും നീണ്ടകര താലൂക്ക് ആശുപത്രി അധികൃതർക്കും അറിയില്ലെന്നാണ് ഭാഷ്യം.

Related articles

Recent articles

spot_img