കൊട്ടാരക്കര | ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ 31 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശിയിൽ നിന്നു 31 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കൊല്ലം വടക്കേവിള നാഷണൽ നഗർ വയലിൽ തോപ്പിൽ വീട്ടിൽ അമീർഖാൻ (22) ആണ് കൊല്ലം റൂറൽ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.
ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ തട്ടിപ്പുനടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അമീർഖാനെന്ന് പോലീസ് പറയുന്നു. ഓൺ ലൈൻ വ്യാപാരത്തിനു ഫണ്ട് ലഭ്യമാക്കാമെന്നു പ്രലോഭിപ്പിച്ച് സിംകാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവ വാങ്ങി തട്ടിപ്പുനടത്തുന്നതാണ് സംഘത്തിന്റെ രീതി.
സൈബർ ക്രൈം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിൻറെ നേതൃത്വത്തിൽ ജി .എസ്.ഐ. പ്രസന്നകുമാർ, സി.പി.ഒ. മാരായ ജയേഷ്, ജയപാൽ, അഭിലാഷ്, നൗഫൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഓൺലൈൻ വ്യാപാരം: 31 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ
