കൊട്ടാരക്കര | പുത്തൂർ റോഡിൽ അവണൂർമുതൽ സിനിമാപറമ്പുവരെ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിന് 20 ലക്ഷം രൂപയുടെ കരാറായി. മുസ്ലിം സ്ട്രീറ്റ് ഭാഗത്ത് 12 ലക്ഷം രൂപ ചെലവിൽ കൊരുപ്പുകട്ട പാകിയതിന്റെ തുടർച്ചയാണിത്. ഇതേസമയം, തുടർനിർമാണം വൈകുന്നെന്ന് ആരോപിച്ച് ബി.ജെ.പി. രണ്ടാംഘട്ട പ്രതിഷേധം തുടങ്ങി. മുസ്‌ലിം സ്‌ട്രീറ്റ് -അവണൂർ ഭാഗത്തെ പാതയിലുള്ള കുഴികളിൽ ചൂണ്ടയിട്ടും കളി
വള്ളമൊഴുക്കിയുമായിരുന്നു പ്രതിഷേധം.
പൂർണമായി തകർന്ന ഈ ഭാഗത്ത്, 70 മീറ്റർ നീളത്തിൽ കൊരുപ്പുകട്ട പാകിയിരുന്നു. പാത നിർമാണം പൂർത്തിയാക്കുന്നതിനായി 10.52 കോടി രൂപയുടെ പുതുക്കിയ അടങ്കൽ തയ്യാറാക്കിയിട്ടുണ്ട്.
സാങ്കേതികതടസ്സങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ നിർമാണം ഇഴച്ചതോടെയാണ് പ്രതിഷേധങ്ങൾ ഉയർന്നത്. കൊരുപ്പുകട്ട പാകിയതിലും ക്രമക്കേടുണ്ട്ന്ന് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡന്റ്റ് അനീഷ് കിഴക്കേക്കര പറഞ്ഞു.
അവണൂർ മേഖലയിലെ പാതയിലുള്ള കുഴികളിൽ കളിവള്ളമൊഴുക്കിയും ചൂണ്ടയിട്ടും പ്രതിഷേധിക്കുന്ന ബി.ജെ.പി. പ്രവർത്തകർ
ശേഷിക്കുന്ന നിർമാണ പ്രവത്തികൾ പൂർത്തിയാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നു ബി.ജെ.പി. അറിയിച്ചു. മണ്ഡ്ലം ജനറൽ സെക്രട്ടറി അരുൺ കാടാംകുളം, ബി.സുജിത്ത്, പ്രസാദ് പള്ളിക്കൽ, ഗിരീഷ്‌കുമാർ, ആർ.എസ്.ഉമേഷ്, രാധാമണി പള്ളിക്കൽ, ഷിബു പുലമൺ, ഉണ്ണിക്കൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.
എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതാണ് നിർമാണത്തിന് തടസ്സമെന്നും രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയുള്ള സമരങ്ങളാണ് ഇപ്പോൾ നടക്കുന്ന തെന്നും എം.എൽ.എ. ഓഫീസ് അറിയിച്ചു.
സിനിമാപറമ്പ് പാത: അടിയന്തര അറ്റകുറ്റപ്പണിക്ക് 20 ലക്ഷത്തിൻ്റെ കരാർ
